ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തിരുകൊച്ചി സംയോജനത്തിനു മുമ്പുതന്നെ പൊയ്യ പഞ്ചായത്ത് നിലവില്‍ വന്നിരുന്നു. കൃത്യമായി പറഞ്ഞാല്‍ കൊല്ലവര്‍ഷം 1093 മിഥുനം 29-ന് തഹസില്‍ദാരുടെ ഉത്തരവുപ്രകാരം കര്‍ക്കിടകം പതിനഞ്ചിന്, അമ്പൂക്കന്‍ ഇട്ടീര ലോനപ്പന്‍ ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റായി. ഭരണസമിതിയിലെ മുഴുവന്‍ അംഗങ്ങളും കൊച്ചിരാജാവിന്റെ നോമിനേറ്റഡ് പ്രതിനിധികളായിരുന്നു. കുഴൂര്‍ പഞ്ചായത്തിലെ തിരുമുക്കുളം, കാക്കുളിശ്ശേരി വില്ലേജുകള്‍ എന്നിവ അക്കാലത്ത് പൊയ്യ പഞ്ചായത്തില്‍ ഉള്‍പ്പെട്ടതായിരുന്നു. നോമിനേറ്റഡ് പഞ്ചായത്തിലെ ആദ്യപ്രസിഡന്റ് അമ്പൂക്കന്‍ ആണ്. പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെയാണ് പിന്നീടുവന്ന പഞ്ചായത്തുഭരണസമിതികള്‍ തെരഞ്ഞെടുപ്പില്‍ക്കൂടി വന്ന ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.കൊച്ചൌസേഫും അദ്ദേഹത്തെ തുടര്‍ന്ന് കെ.എ.തോമസ്, ഇട്ടിര അമ്പൂക്കന്‍, വി.ആര്‍.രാമന്‍, പി.കെ.ഡേവിഡ്, എം.എ.ഇട്ടീര, പി.കെ.വേലായൂധന്‍ എന്നിവരുമൊക്കെ ഗ്രാമപഞ്ചായത്തിന്റെ ഭരണസാരഥ്യം വഹിച്ചു. ആര്‍.കെ.ഭാര്‍ഗ്ഗവിടീച്ചറായിരുന്നു ഇവിടുത്തെ ആദ്യത്തെ വനിതാപ്രസിഡന്റ്. പഞ്ചായത്തില്‍ മടത്തുംപടിയില്‍ ഒരു വില്ലേജുകോടതി ഉണ്ടായിരുന്നു. പ്രസ്തുതകോടതി ഗ്രാമത്തിലെ ചെറിയ കേസുകള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കുവാന്‍ വേണ്ടി സ്ഥാപിക്കപ്പെട്ടതാണ്. കോടതിയിലേക്കുള്ള ജഡ്ജിമാരെ നോമിനേറ്റ് ചെയ്യുകയായിരുന്നു പതിവ്. പിന്നീടു ഗ്രാമകോടതി നിര്‍ത്തലാക്കി മുന്‍സിഫ്കോടതിയില്‍ ലയിപ്പിച്ചു. കൊച്ചിരാജകുടുംബത്തിലെ ഒരു കോവിലകംപൊയ്യ കാര്‍ത്തികക്കാവ് അമ്പലത്തിന് പടിഞ്ഞാറുവശത്തുണ്ടായിരുന്നു. കാര്‍ത്തികക്കാവില്‍ ഭജനയിരിക്കാനും ദര്‍ശനത്തിനും വരുന്ന രാജാക്കന്മാര്‍ക്ക് താമസിക്കുന്നതിനുവേണ്ടിയാണ് ഇത് ഉപയോഗിച്ചിരുന്നത്. നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഈ പഞ്ചായത്തില്‍ ഗതാഗതയോഗ്യമായ റോഡുകള്‍ ഒന്നുംതന്നെയില്ലായിരുന്നു. ആദ്യത്തെ റോഡായ ചെട്ടിപ്പറമ്പ്-വലിയപറമ്പ് റോഡ്, അപ്രേം അമ്പുക്കന്റെ ഭരണകാലത്താണ് വെട്ടിയത്. പഞ്ചായത്തിന്റെ പഴയ റോഡുകളും അദ്ദേഹത്തിന്റെ കാലത്താണ് നിര്‍മ്മിച്ചിട്ടുള്ളതെന്ന് അറിയുന്നു. കേരളത്തെ രണ്ടായി പകുത്തുകൊണ്ട് അറബിക്കടല്‍ മുതല്‍ ആനമലവരെ നീണ്ടുകിടന്നിരുന്ന നെടുങ്കോട്ട എന്ന അത്ഭുതം ഈ പഞ്ചായത്തില്‍ കൂടിയാണ് കടന്നുപോകുന്നത്. സാമൂതിരിയുടെ നിരന്തരമായ ആക്രമണത്തെ തടയാന്‍ കൊച്ചിയുടെ അനുമതിയോടും സഹായത്തോടുംകൂടി തിരുവിതാംകൂര്‍ കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മമഹാരാജാവ് 56 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോട്ട ചുരുങ്ങിയദിവസം കൊണ്ടാണ് പണി കഴിപ്പിച്ചത്. ഹൈദരാലിയുടേയും ടിപ്പുവിന്റേയും ആക്രമണത്തിന് ഈ കോട്ട തടയായിരുന്നു. ഇന്നോര്‍മ്മ മാത്രമായി തീര്‍ന്നിരിക്കുന്ന നെടുങ്കോട്ട എ.ഡി.1761-നു ശേഷമാണ് നിര്‍മ്മിച്ചത്. തിരുവിതാംകൂര്‍ സേനാനായകന്‍ യൂ സ്റ്റേഷ്യസ് ബെനഡിക്ട് ഡിലനോയ് നിര്‍മ്മാണപദ്ധതിയുടെ രുപരേഖ തയ്യാറാക്കി. കോട്ടയുടെ ആരംഭമായ കൃഷ്ണന്‍കോട്ടയില്‍ നൂറോളം പേര്‍ക്ക് ഒളിച്ചിരിക്കാവുന്ന ഗുഹയുണ്ടായിരുന്നു. അതിന്റെ അവശിഷ്ടങ്ങള്‍ അടുത്തകാലത്ത് പുരപണിക്ക് അസ്തിവാരമെടുത്തപ്പോള്‍ കാണുകയുണ്ടായി. ടിപ്പുവിന്റെ രണ്ടായിരം സൈനികര്‍ ഈ കോട്ടയുടെ കിടങ്ങില്‍ പെട്ട് മരണപ്പെട്ടുവെന്നും ടിപ്പുവിന്റെ കാലിനു പരിക്കുപറ്റിയെന്നുമാണ് പറയപ്പെടുന്നത്. ആദ്യകാലത്ത് ഈ പഞ്ചായത്തിലെ ഭൂരിഭാഗം ഭൂമികളും വിരലിലെണ്ണാവുന്ന ജന്മിഭൂപ്രഭുക്കന്മാരുടെ കൈവശത്തിലും, ദേവസ്വങ്ങളുടെ കയ്യിലും ആയിരുന്നു. ഭൂപരിഷ്ക്കരണനിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍ ഭൂമിയില്‍ പണിയെടുത്തിരുന്നവര്‍ 10 സെന്റ് ഭൂമിക്ക് അവകാശികളായി. കുടുംബി സമുദായത്തിന്റേതു മാത്രമായ കാട്ടൂക്കാരന്‍ ചാന്തു സന്നപ്പന്‍ മെമ്മോറിയല്‍ കഥകളി നാട്യസംഘം (കെ.സി.എസ്.എം) 1920 മുതല്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യത്തെ കഥകളിഗുരുവായി വന്നത് ഏഴിക്കര പത്മനാഭന്‍നായരായിരുന്നു. ഇപ്പോഴും പ്രസ്തുത നാട്യസംഘം ഉണ്ട്. ഈ പഞ്ചായത്തില്‍ അഷ്ടാംഗഹൃദയത്തില്‍ അഗാധപണ്ഡിതനായ പുതിയേടത്ത് രാമന്‍മേനോന്‍ എന്നും സ്മരിക്കപ്പെടുന്ന വ്യക്തിയാണ്. അദ്ദേഹം അഷ്ടാംഗഹൃദയത്തിലെ ആറു സ്ഥാനങ്ങളില്‍ അതിപ്രധാനമായ സൂത്രസ്ഥാനത്തിന്റെ സാരാര്‍ത്ഥബോധിനിയെന്ന വ്യാഖ്യാനവും, പഞ്ചകര്‍മ്മചികിത്സ പ്രതിപാദിക്കുന്ന ശിരസ്സേക്കദിവിധി എന്ന ഗ്രന്ഥവും എഴുതിയിട്ടുണ്ട്. ജാതിവ്യവസ്ഥ ഏറ്റവും ശക്തമായിത്തന്നെ ഈ പഞ്ചായത്തിലും നിലനിന്നിരുന്നു. അടിമകളും ഉടമകളും, മതത്തിന്റേയും ജാതിയുടേയും മതില്‍ക്കെട്ടുകളും, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒക്കെ നിറഞ്ഞ സാമൂഹികാന്തരീക്ഷമായിരുന്നു ഇവിടെ നിലവിലുണ്ടായിരുന്നത്. മേലാളന് മുറുക്കിത്തുപ്പാന്‍ കോളാമ്പിക്കു പകരം സ്വന്തം വായ കാണിച്ചുകൊടുക്കുന്ന കാര്യസ്ഥപ്രമാണിമാര്‍, തങ്ങളുടെ കുറ്റം ബലഹീനരുടെ മേല്‍ ചാര്‍ത്തി നിര്‍വൃതിയടയുന്ന വരേണ്യവര്‍ഗ്ഗം, പാടത്തും പറമ്പത്തും പണിയെടുക്കുന്നവര്‍ക്ക് മുറ്റത്ത് കുഴികുത്തി, കഞ്ഞി ഒഴിച്ചുകൊടുത്ത് സാമൂഹ്യസേവനം നടത്തിയിരുന്ന മേല്‍ജാതിപ്രമാണിമാര്‍, വിദ്യ പോലും തങ്ങളുടേതാക്കി കൈയ്യടക്കിവച്ചിരുന്നവരുടെ ഇല്ലങ്ങളില്‍നിന്നുയരുന്ന അക്ഷരശ്ളോകങ്ങള്‍, കുന്നുകളും കുണ്ടനിടവഴികളും നിറഞ്ഞ ഗ്രാമം - ഇതൊക്കെയാണ് 20-ാം നൂറ്റാണ്ടിലെ സൂര്യന്‍ കണ്ണു തുറന്നപ്പോള്‍ പൊയ്യ എന്ന ഗ്രാമത്തില്‍ കണ്ടിട്ടുണ്ടാകാവുന്ന കാഴ്ചകള്‍. നമ്പൂതിരിജന്മിമാരായിരുന്നു ഭൂമി കൈയ്യടക്കിവച്ചിരുന്ന പ്രധാനവിഭാഗം. എന്നാല്‍ ഭൂപരിഷ്ക്കരണനിയമം നടപ്പില്‍ വന്നപ്പോള്‍ നമ്പൂതിരിസമുദായത്തിന്റെ സാമ്പത്തികസ്ഥിതിയില്‍ മാറ്റംവന്നു. അല്‍പസ്വല്പം ദേവസ്വം ഭൂമി ഒഴിച്ചാല്‍ ഈ പഞ്ചായത്തിലെ ഭൂരിപക്ഷം സ്ഥലവും താമരശ്ശേരി മേയ്ക്കാട് മന, കിഴിയേടത്ത് മന, മേലേടത്ത് മന എന്നീ മൂന്നുമനകളും ചേര്‍ന്ന് അധീനപ്പെടുത്തിയിരിക്കയായിരുന്നു. ഇന്ന് ഹൈന്ദവരും ക്രൈസ്തവരും ഇസ്ളാംമതവിശ്വാസികളും ഒരുപോലെ നിവസിക്കുന്ന പ്രദേശമാണിവിടം.

തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ മാള ബ്ലോക്കിലാണ് പൊയ്യ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പൊയ്യ, മടത്തുംപടി, പള്ളിപ്പുറം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പൊയ്യ ഗ്രാമപഞ്ചായത്തിന് 19.78 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 16 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്‍റെ അതിരുകള്‍ കിഴക്കുഭാഗത്ത് മാള, കുഴൂര്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് പുത്തന്‍വേലിക്കര, കുഴൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പുത്തന്‍ചിറ പഞ്ചായത്തും കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയും, വടക്കുഭാഗത്ത് മാള, പുത്തന്‍ചിറ പഞ്ചായത്തുകളുമാണ്. സാമൂതിരിയുടെ നിരന്തരമായ ആക്രമണത്തെ തടയാന്‍ കൊച്ചിയുടെ അനുമതിയോടും സഹായത്തോടുംകൂടി തിരുവിതാംകൂര്‍ രാജാവായിരുന്ന കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ പണികഴിപ്പിച്ചതും, കേരളത്തെ തന്നെ രണ്ടായി പകുത്തുകൊണ്ട് അറബിക്കടല്‍ മുതല്‍ ആനമലവരെ നീണ്ടുകിടന്നിരുന്നതുമായ നെടുങ്കോട്ട എന്ന അത്ഭുതം ഈ പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. 56 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ കോട്ട ചുരുങ്ങിയദിവസംകൊണ്ടാണ് പണികഴിപ്പിച്ചത്. ഈ കോട്ടയ്ക്ക് ഹൈദരാലിയുടേയും ടിപ്പുവിന്റേയും ആക്രമണത്തിനെയും ചെറുത്തുനിന്ന ചരിത്രവുമുണ്ട്. പൊയ്യ ഗ്രാമപഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗം അറബിക്കടലുമായും പെരിയാര്‍നദിയുമായും ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ടുതന്നെ കായല്‍പരപ്പുകളും തോടുകളും പൊക്കാളിനിലങ്ങളും ചതുപ്പുപ്രദേശങ്ങളും നിറഞ്ഞ ഒരു ജലമേഖലയായ ഈ പ്രദേശത്തിന്റെ തെക്കുകിഴക്കുഭാഗം ശുദ്ധജലമേഖലയുമാണ്.